Thursday, November 26, 2009

ഒരു കോര്‍ണീഷ് നാഗരീകത!!!

കടല്‍ മണലായതോ..?
മണല്‍ കടലായതോ..?
കടലിന്റെ തുള്ളികള്‍
മണലിന്റെ തുള്ളികളോട്
കൊമ്പുകോര്‍ക്കുന്നിടം.
അല്ല! നെഞ്ചുചേര്‍ക്കുന്നിടം.
മണലിന്റെ ഒരുതുള്ളിയെ
കടലെടുത്തു. ഒരുവേള
കടലിന്റെ കാഴ്ചകണ്ട്
താഴ്ച്ചകണ്ട് ഒടുവില്‍
ഉള്ളിന്റെയുള്ളില്‍
തന്നെത്തന്നെ കണ്ട്
മണല്‍ത്തരി കോരിത്തരിച്ചു.
കടലിന്റെ ഒരു തുള്ളിയെ
കരയെടുത്തു. ഒരുവേള
കരയിലെ കാഴ്ചകണ്ട്
മലകള്‍ കണ്ട് ഒടുവില്‍
ഉള്ളിന്റെയുള്ളില്‍
തന്നെത്തന്നെ കണ്ട്
കടല്‍ത്തുള്ളിക്ക് കണ്‍നിറഞ്ഞു.
കടലിന്റെ തുള്ളികള്‍
മണലിന്റെ തുള്ളികളുമായി
ആര്‍ത്തുരമിക്കുന്നിടം.
അല്ല! നിശ്ചലമാക്കപ്പെട്ടയിടം.
കോര്‍ണീഷ്!!
കടലിന്റെ തുള്ളികള്‍ക്കും
മണലിന്റെ തുള്ളികള്‍ക്കും
ഇടയില്‍ മതില്‍ കെട്ടിയയിടം.
തമ്മില്‍ കാണാതെ
കടലും കരയും
മരിച്ചുപോയ ഇടം.
തമ്മില്‍ കാണാതെ
മിസ്രിയും സൂറിയും ഹിന്ദിയും
മരണം നീട്ടിവെക്കാനായി മാത്രം
കസര്‍ത്ത് ചെയ്യുന്നിടം.
കോര്‍ണീഷ്!!
കരയെ കൈവിട്ട, കടലിനെ കൈവിട്ട,
മഴയെ കൈവിട്ട ഇടത്തില്‍
ഇണയെ കൈവിട്ട, ഇഷ്ടത്തെ കൈവിട്ട,
ഒരു കോര്‍ണീഷ് നാഗരീകത!!!



2 comments:

  1. ഇപ്പോഴാണു ശ്രദ്ധയില്‍ പെട്ടതു.ഇതൊന്നും വായില്‍ തോന്നിയ കോതക്കു പാട്ടായി തോന്നുന്നില്ലല്ലോ...വാക്കുകളുടെ മിനുപ്പുകള്‍ക്കപ്പുറത്തു ചിന്തയുടെയും,ഭാവനയുടെയും നിരപ്പുകള്‍ നിരത്തുന്ന വാങ്മയചിത്രങ്ങള്‍...എഴുത്തിനു ഭാവുകങ്ങള്‍...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

    ReplyDelete
  2. കടലിന്റെ തുള്ളികള്‍ക്കും
    മണലിന്റെ തുള്ളികള്‍ക്കും
    ഇടയില്‍ മതില്‍ കെട്ടിയയിടം.
    തമ്മില്‍ കാണാതെ
    കടലും കരയും
    മരിച്ചുപോയ ഇടം.


    good lines

    ReplyDelete