Sunday, November 15, 2009

ഒരുനിമിഷം തരൂ നിന്നിലലിയാന്‍..

ഒരുനിമിഷമെങ്കിലും നിന്നിലലിയാന്‍ കൊതിച്ച്
ഒരുയുഗമായി ഞാന്‍ കഷ്ടപ്പെടുന്നു
നീലനിറംപൂണ്ട് നീ അനന്തസാഗരമായപ്പോള്‍
ഞാന്‍ വചനവും ഓംകാരവുമായി
നിനക്കുമുന്നേ ചിറകുവിടര്‍ത്തി

നീ നിന്നില്‍നിന്ന് ജീവന്റെ കണികയെ വേര്‍പ്പെടുത്തിയപ്പോള്‍
ഞാന്‍ ഗായത്രി അതിന്റെ തലയിലെഴുതി
നിന്റെ തന്നെ തുള്ളികളെ മഴയാക്കി ചെടിയാക്കി
നീ സ്രുഷ്ടിച്ച ജീവജാലങ്ങള്‍ക്കുവേണ്ടി
ഞാന്‍ കരിങ്കല്ലിന്റെ മൂര്‍ത്തിയായി
എന്നിലഭിഷേകം ചെയ്ത ചോരയുടെ ആറാട്ടിന്
നിന്നിലൊരു തുള്ളിയുടെ രാസഘടന ഒരിക്കലും ലഭിച്ചില്ല

പിന്നീട് നീ നിന്റെയുള്ളില്‍നിന്ന്
സ്വപ്നങ്ങള്‍ ഘനീഭവിച്ച മഞ്ഞനിറമുള്ള മനസ്സുനല്‍കി
പഞ്ചലോഹവിഗ്രഹങ്ങള്‍ക്കും ചെമ്പ്തകിടുകള്‍ക്കും
മരക്കുരിശുകള്‍ക്കും വിശുദ്ധഗ്രന്ദങ്ങള്‍ക്കും
ആ സ്വപ്നങ്ങളുടെ രാസവാക്ക്യം
ഒരിക്കലും മനസ്സിലായില്ല

നിന്റെ രക്തവും നിന്റെ മജ്ജയും കത്തിച്ച്
ഞാന്‍ നിനക്കുമപ്പുറത്തേക്കു പോയി തിരിച്ചുവന്നിരിക്കുന്നു
തൂണിലും തുരുമ്പിലും അണുവിലും അണ്ഡകടാഹത്തിലും
നിറഞ്ഞുനില്‍ക്കുന്ന നിന്നെയോ
നിന്നിലലിയാന്‍ കൊതിക്കുന്ന എന്നെയോ
ആരേയാണ് ഇനിയും അറിയുവാനുള്ളത്

എന്റെയുള്ളിലിരുന്ന് നിന്നെ തിരയുന്ന നീ
സ്വയം മാറികൊണ്ടിരിക്കുമ്പോള്‍
ഞാന്‍ നിന്നിലലിയുന്ന ബിന്ദുവിലേക്ക്
ഇനിയെത്ര പ്രകാശവര്‍ഷങ്ങള്‍


No comments:

Post a Comment