Tuesday, December 1, 2009

റേഡിയോയില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒട്ടകം

വാക്കുകള്‍ കൊണ്ടു ശ്വസിക്കുന്ന പെട്ടകമേ
നിന്‍റെ ഭാഷ അമ്മകൈവിട്ട പൈതലിന്‍റെതാണ്.
വെയിലിനെ നട്ടുവളര്‍ത്തുന്ന നാട്ടില്‍
മഴയെ കുറിച്ചു പാടുന്നുവോ നീ.
നിന്‍റെ പാട്ടുകേട്ട് പീലിവിടര്‍ത്താന്‍
മണ്ണുമാന്തി മയിലുകള്‍ക്ക് ഇടയില്ല.
കടല്‍ പിഴിഞ്ഞ് കുടിക്കുന്ന നാട്ടിലിരുന്ന്
പുഴയുടെ കഥപറഞ്ഞ് കരയുന്നുവോ.
നിനക്കുവേണ്ടിചുരത്താന്‍ ഇവിടെ
കണ്ണിറുത്തുമാറ്റിയ മുലകള്‍ മാത്രം.
റബ്ബര്‍ മുലക്കണ്ണുനുണഞ്ഞുറങ്ങും
പൈതങ്ങള്‍ തികട്ടുന്നത് ചത്തുമലച്ച സ്വപ്നങ്ങളും.
വിഭക്തികൊണ്ട് തര്‍ക്കിക്കുന്ന ചതുരംഗമേ
നിന്‍റെ കളങ്ങള്‍ വരച്ചിരിക്കുന്നത് മറ്റൊരു കാലത്തിലാണ്.
ഉടവാളിന്‍ തുമ്പിലെ രാജ്യവിശാലതയില്‍നിന്നുകൊണ്ട് നീ
ആധിപത്ത്യങ്ങളിലെ ന്യായാന്യായങ്ങളെ വിസ്ത്തരിക്കുന്നുവോ.
കുരുക്കിന്റെ അളവിലുള്ള കഴുത്തിനെ മാത്രം
കഴുവേറ്റുന്ന മണ്ണില്‍ നീതിയുടെ തൈ നടുന്നുവോ.
അക്ഷരം കൊണ്ട് ചിത്രം വരക്കുന്ന നാവേ
നിന്‍റെ ചിത്രങ്ങള്‍ വെളളത്തില്‍ വരച്ച വരകളാണ്.
കല്പനകള്‍ മണല്‍ക്കാറ്റുപോലെ
തൊണ്ടയില്‍ കുറുകുന്ന കാലങ്ങളില്‍
സത്ത്യത്തെ നനവായി സ്വപ്നം കാണുന്നുവോ.
പൈത്യകത്തെ കുറിച്ച് നീ പാടുന്ന പാട്ട്
മണലില്‍ പതിഞ്ഞ കാലടികള്‍ മാത്രമാവുമ്പോള്‍
കാറ്റ് അതിജീവനത്തിന്‍റെ താളവുമായ് ഒപ്പമുണ്ട്.
വാക്കുകള്‍ കൊണ്ട് ശ്വസിക്കുന്ന പെട്ടകമേ
നിന്‍റെ ഭാഷ സ്വപ്നങ്ങളുടേതാണ്.
സ്വപ്നത്തില്‍ മാത്രം വെള്ളം കുടിക്കുന്ന
ഒട്ടകത്തിന് മുറിച്ചുകടക്കാന്‍ മരുഭൂമികള്‍ ബാക്കിയും.

Thursday, November 26, 2009

ഒരു കോര്‍ണീഷ് നാഗരീകത!!!

കടല്‍ മണലായതോ..?
മണല്‍ കടലായതോ..?
കടലിന്റെ തുള്ളികള്‍
മണലിന്റെ തുള്ളികളോട്
കൊമ്പുകോര്‍ക്കുന്നിടം.
അല്ല! നെഞ്ചുചേര്‍ക്കുന്നിടം.
മണലിന്റെ ഒരുതുള്ളിയെ
കടലെടുത്തു. ഒരുവേള
കടലിന്റെ കാഴ്ചകണ്ട്
താഴ്ച്ചകണ്ട് ഒടുവില്‍
ഉള്ളിന്റെയുള്ളില്‍
തന്നെത്തന്നെ കണ്ട്
മണല്‍ത്തരി കോരിത്തരിച്ചു.
കടലിന്റെ ഒരു തുള്ളിയെ
കരയെടുത്തു. ഒരുവേള
കരയിലെ കാഴ്ചകണ്ട്
മലകള്‍ കണ്ട് ഒടുവില്‍
ഉള്ളിന്റെയുള്ളില്‍
തന്നെത്തന്നെ കണ്ട്
കടല്‍ത്തുള്ളിക്ക് കണ്‍നിറഞ്ഞു.
കടലിന്റെ തുള്ളികള്‍
മണലിന്റെ തുള്ളികളുമായി
ആര്‍ത്തുരമിക്കുന്നിടം.
അല്ല! നിശ്ചലമാക്കപ്പെട്ടയിടം.
കോര്‍ണീഷ്!!
കടലിന്റെ തുള്ളികള്‍ക്കും
മണലിന്റെ തുള്ളികള്‍ക്കും
ഇടയില്‍ മതില്‍ കെട്ടിയയിടം.
തമ്മില്‍ കാണാതെ
കടലും കരയും
മരിച്ചുപോയ ഇടം.
തമ്മില്‍ കാണാതെ
മിസ്രിയും സൂറിയും ഹിന്ദിയും
മരണം നീട്ടിവെക്കാനായി മാത്രം
കസര്‍ത്ത് ചെയ്യുന്നിടം.
കോര്‍ണീഷ്!!
കരയെ കൈവിട്ട, കടലിനെ കൈവിട്ട,
മഴയെ കൈവിട്ട ഇടത്തില്‍
ഇണയെ കൈവിട്ട, ഇഷ്ടത്തെ കൈവിട്ട,
ഒരു കോര്‍ണീഷ് നാഗരീകത!!!Tuesday, November 17, 2009

വാലന്റെന്‍സ് ഡേ

പ്രണയികള്‍ക്കായുള്ള ദിനത്തില്‍
നീയെനിക്കൊരു സമ്മാനം തന്നു.
സ്വര്‍ണക്കൂടയിലൊരുക്കിയ ഒരു പൂച്ചെണ്ട്.
നീ സ്വപ്നംകണ്ട ആര്‍ദ്രമിഴികള്‍
നീ സ്വപ്നംകണ്ട ചെറുപുഞ്ചിരി
ഞാന്‍ കടല്‍ക്കരയില്‍ നഷ്ടപ്പെടുത്തി.
നമ്മള്‍ മണല്‍മാളികകെട്ടിക്കളിക്കുകയായിരുന്നു.
നീയൊരു ഭാഗ്യവാനായിരുന്നു.
ദെയ്‌വം ഒരുകടല്‍ക്കര നിറയെ മണല്‍
നിന്റെ വിരലുകള്‍ക്ക് നല്‍കി.
പക്ഷെ എനിക്കു ബോറടിച്ചു.
സ്വര്‍ഗ്ഗത്തിലേക്ക് നീളുന്ന ചരടില്‍
ഒരുപട്ടമായിപറന്നുയരാന്‍ ഞാന്‍ കൊതിച്ചു.
നിന്റെ വിരലുകള്‍ ചരടുമുറുക്കുന്നതില്‍
ഒരിക്കലും വിജയിച്ചില്ല.

നീയൊരു ഭാഗ്യവാനാണ്.
പ്രണയികള്‍ക്കായുള്ള ദിനത്തില്‍
നീയെനിക്കൊരു സമ്മാനം തന്നു.
രത്നം പതിച്ച തൂങ്ങിയാടുന്ന ഒരു ഹ്രുദയം
നീ പ്രതീക്ഷിച്ച നന്ദിനിറഞ്ഞ ഒരു നോട്ടം
നിന്റെ കയ്കള്‍ക്കുള്ളില്‍ വച്ചുതരാന്‍ ഒരുകരതലം
ഞാന്‍ മാഞ്ചുവട്ടില്‍ നഷ്ടപ്പെടുത്തി.
നമ്മള്‍ മാങ്ങ പെറുക്കുകയായിരുന്നു.
നീയൊരു ഭാഗ്യവാനായിരുന്നു.
ദെയ്‌വം മാമ്പഴങ്ങള്‍ നിറഞ്ഞ അതിരുകള്‍
നിനക്കായി ഒഴിച്ചിട്ടു.
പക്ഷെ എനിക്കു മടുത്തു.
പച്ചമാങ്ങയുടെ പുളി നുകരാന്‍
എന്റെ നാവു തുടിച്ചു.
ഉയരങ്ങളില്‍ ഊഞ്ഞാലാടുന്ന മാങ്കുലകളെ
നീ ഒരുകുറുക്കനേപ്പോലെ നോക്കിനിന്നു.


നീയൊരു ഭാഗ്യവാനാണ്.
പ്രണയികള്‍ക്കായുള്ള ദിനത്തില്‍
നീയെനിക്കൊരു സമ്മാനം തന്നു.

വെറും ഒരു ഭാഗ്യവാനെ...

Sunday, November 15, 2009

ഒരുനിമിഷം തരൂ നിന്നിലലിയാന്‍..

ഒരുനിമിഷമെങ്കിലും നിന്നിലലിയാന്‍ കൊതിച്ച്
ഒരുയുഗമായി ഞാന്‍ കഷ്ടപ്പെടുന്നു
നീലനിറംപൂണ്ട് നീ അനന്തസാഗരമായപ്പോള്‍
ഞാന്‍ വചനവും ഓംകാരവുമായി
നിനക്കുമുന്നേ ചിറകുവിടര്‍ത്തി

നീ നിന്നില്‍നിന്ന് ജീവന്റെ കണികയെ വേര്‍പ്പെടുത്തിയപ്പോള്‍
ഞാന്‍ ഗായത്രി അതിന്റെ തലയിലെഴുതി
നിന്റെ തന്നെ തുള്ളികളെ മഴയാക്കി ചെടിയാക്കി
നീ സ്രുഷ്ടിച്ച ജീവജാലങ്ങള്‍ക്കുവേണ്ടി
ഞാന്‍ കരിങ്കല്ലിന്റെ മൂര്‍ത്തിയായി
എന്നിലഭിഷേകം ചെയ്ത ചോരയുടെ ആറാട്ടിന്
നിന്നിലൊരു തുള്ളിയുടെ രാസഘടന ഒരിക്കലും ലഭിച്ചില്ല

പിന്നീട് നീ നിന്റെയുള്ളില്‍നിന്ന്
സ്വപ്നങ്ങള്‍ ഘനീഭവിച്ച മഞ്ഞനിറമുള്ള മനസ്സുനല്‍കി
പഞ്ചലോഹവിഗ്രഹങ്ങള്‍ക്കും ചെമ്പ്തകിടുകള്‍ക്കും
മരക്കുരിശുകള്‍ക്കും വിശുദ്ധഗ്രന്ദങ്ങള്‍ക്കും
ആ സ്വപ്നങ്ങളുടെ രാസവാക്ക്യം
ഒരിക്കലും മനസ്സിലായില്ല

നിന്റെ രക്തവും നിന്റെ മജ്ജയും കത്തിച്ച്
ഞാന്‍ നിനക്കുമപ്പുറത്തേക്കു പോയി തിരിച്ചുവന്നിരിക്കുന്നു
തൂണിലും തുരുമ്പിലും അണുവിലും അണ്ഡകടാഹത്തിലും
നിറഞ്ഞുനില്‍ക്കുന്ന നിന്നെയോ
നിന്നിലലിയാന്‍ കൊതിക്കുന്ന എന്നെയോ
ആരേയാണ് ഇനിയും അറിയുവാനുള്ളത്

എന്റെയുള്ളിലിരുന്ന് നിന്നെ തിരയുന്ന നീ
സ്വയം മാറികൊണ്ടിരിക്കുമ്പോള്‍
ഞാന്‍ നിന്നിലലിയുന്ന ബിന്ദുവിലേക്ക്
ഇനിയെത്ര പ്രകാശവര്‍ഷങ്ങള്‍


Tuesday, November 10, 2009

പീറ്റര്‍ ഹെഗറിന് ഒരു ആട്ടോഗ്രാഫ്

നിന്റെ വിരല്‍തുമ്പ് എന്നിലൊരു മാന്ത്രികസ്വിച്ച് കണ്ടെത്തിയിരിക്കുന്നു.
നീയെടുത്ത ചിത്രത്തിലെ പൂച്ച എന്റെ കാലില്‍ മുഖം ഉരസുന്നു.
അതിന്റെ കുറുകലില്‍ എന്റെ തൊണ്ടയുണങ്ങുന്നു.
നീ എന്റെ കണ്ണാടിയില്‍ എന്ത്നിറമാണ് കലര്‍ത്തിയത്.
ഇന്നലെയും എന്നെ നാണിപ്പിച്ച മാറുകളില്‍
അമ്രുത് നിറച്ചത് എപ്പൊഴാണ്.
വെണ്മേഘങ്ങളെ അനാവരണം ചെയ്ത് നീ ദ്രിശ്യമാക്കിയ
ചന്ദികയേറ്റ് എന്റെ മുഖം തുടുത്തിരിക്കുന്നു.
നീ പ്രകാശിപ്പിച്ച വെളിച്ചത്തില്‍
എന്റെ കണ്ണാടി ഒരപ്സരസ്സിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു.
ഒരു നിമിഷത്തിന്റെ ശതാംശത്തിനുള്ളില്‍ മാത്രം
നിന്റെ ചിത്രത്തില്‍ ഒരു സുന്ദരി.
നിനക്കറിയില്ല പ്രിയനേ
അതോ നീ മുതിരാത്തതോ?.
ഒരു നീണ്ടനോട്ടം ഇമചിമ്മാതെ
കണ്ണീരിന്റെ ഒരു തമോഗര്‍ത്തം.
നിന്റെ എല്ലാ പ്രകാശങ്ങളേയും തിന്നൊടുക്കുന്ന ഒന്ന്.
ആലിലവയറിനുള്ളില്‍ വേറൊന്ന്.
മാന്ത്രികസ്വിച്ച് സമയത്തിലേക്കുള്ള പ്രയാണം
മുഴുമിക്കും മുമ്പേ
എന്റെ കണ്ണാടിയില്‍ പൂശിയ രസം ഉരുകിയൊലിച്ചു പൊയെങ്കില്‍..