Tuesday, November 10, 2009

പീറ്റര്‍ ഹെഗറിന് ഒരു ആട്ടോഗ്രാഫ്

നിന്റെ വിരല്‍തുമ്പ് എന്നിലൊരു മാന്ത്രികസ്വിച്ച് കണ്ടെത്തിയിരിക്കുന്നു.
നീയെടുത്ത ചിത്രത്തിലെ പൂച്ച എന്റെ കാലില്‍ മുഖം ഉരസുന്നു.
അതിന്റെ കുറുകലില്‍ എന്റെ തൊണ്ടയുണങ്ങുന്നു.
നീ എന്റെ കണ്ണാടിയില്‍ എന്ത്നിറമാണ് കലര്‍ത്തിയത്.
ഇന്നലെയും എന്നെ നാണിപ്പിച്ച മാറുകളില്‍
അമ്രുത് നിറച്ചത് എപ്പൊഴാണ്.
വെണ്മേഘങ്ങളെ അനാവരണം ചെയ്ത് നീ ദ്രിശ്യമാക്കിയ
ചന്ദികയേറ്റ് എന്റെ മുഖം തുടുത്തിരിക്കുന്നു.
നീ പ്രകാശിപ്പിച്ച വെളിച്ചത്തില്‍
എന്റെ കണ്ണാടി ഒരപ്സരസ്സിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു.
ഒരു നിമിഷത്തിന്റെ ശതാംശത്തിനുള്ളില്‍ മാത്രം
നിന്റെ ചിത്രത്തില്‍ ഒരു സുന്ദരി.
നിനക്കറിയില്ല പ്രിയനേ
അതോ നീ മുതിരാത്തതോ?.
ഒരു നീണ്ടനോട്ടം ഇമചിമ്മാതെ
കണ്ണീരിന്റെ ഒരു തമോഗര്‍ത്തം.
നിന്റെ എല്ലാ പ്രകാശങ്ങളേയും തിന്നൊടുക്കുന്ന ഒന്ന്.
ആലിലവയറിനുള്ളില്‍ വേറൊന്ന്.
മാന്ത്രികസ്വിച്ച് സമയത്തിലേക്കുള്ള പ്രയാണം
മുഴുമിക്കും മുമ്പേ
എന്റെ കണ്ണാടിയില്‍ പൂശിയ രസം ഉരുകിയൊലിച്ചു പൊയെങ്കില്‍..

No comments:

Post a Comment