Monday, September 8, 2014

Wednesday, August 27, 2014

Friday, October 18, 2013

പൊരിച്ച കോഴി എന്ന വിഷ(യ)ം

രംഗം 1 സ്വപ്നം

പൊരിച്ച കോഴിയെ തിന്നുന്നു....
മൊരിഞ്ഞ അരികുകളുടെ കിരികിരിപ്പു പല്ലുകളിൽ
കൊഴുപ്പിൻറെ രുചിയേറും സ്നിഗ്ദത നാവിൽ.
ആസ്വാദനത്തിൻറെ അനുഭൂതികളിൽ
നിറഞ്ഞുകവിഞ്ഞു ഉദര ആശയങ്ങൾ.
എങ്കിലിനി ബില്ല് പേ ചെയേ്തക്കാം
ബില്ല് പണമായും പണം കോഴിയായും
കോഴി നാവായും നാവ് അനുഭൂതിയായും
അനുഭൂതി ഉറക്കമായും ഉറക്കം സുഖമായും
പരിണമിക്കുന്നു. സുഖം സുഖമായി
അറിയപ്പെടുന്നു.
ആർക്ക്?....
നാളെയെക്കുറിച്ചോർത്ത്
രുചിയില്ലാതെ അത്താഴം കഴിച്ച്
ഉറങ്ങാൻ കിടന്ന...

രംഗം 2 സ്വപ്നം (ഉണർവ്)

പൊരിച്ചകോഴിയെ തിന്നുന്നു
മൊരിഞ്ഞതിൽ ത്രിപ്പ്തിവരാതെ ക്ഷോഭിക്കുന്നു
എന്താടോ ഇത്
“പൊരിച്ച കോഴി ... സാർ..“
ഇങ്ങനാണോടോ ഇത്
”ഇത് ഇങ്ങനെയാണുസാർ എല്ലാവരും കഴിക്കുന്നത്.
സാറിൻറെ മൂഡ് ശരിയല്ലാന്നു തോന്നുന്നു...“
ഒലക്കേടെ മൂഡ്.. കോഴിയും മൂഡും തമ്മിലെന്താടോ?
“ന്നാപ്പിന്നെ നാവിൻറെയാവും!!....“
ആണോടാ നാവേ?
ചോദ്യം പാമ്പായി നാക്കിൽ, മൂക്കിൽ,കണ്ണിൽ, തൊലിയിൽ,ചെവിയിൽ
പത്തിവിടർത്തുന്നു.
ആൾക്കാർ എത്തിനോക്കുന്നു.
ശെ്ശ.. നാണക്കേടായി.
ആർക്ക്?.....
മനോനിയന്ത്രണം നിത്യജീവിതത്തിൽ എന്നവിഷയത്തിൽ
പ്രഭാഷണം കഴിഞ്ഞ് ഉച്ച്ഭക്ഷണത്തിനിറങ്ങിയ...

രംഗം 3 സമാപ്തി (സമാധി)

തിരഞ്ഞ് തിരഞ്ഞ് തിരച്ചിൽ സ്ക്രീനിൽ എത്തുമ്പോൾ
തിരച്ചിൽ എന്ന രംഗം അവസാനിക്കുന്നതായി കാണുന്നു.
രംഗങ്ങൾക്കിടയിലെ ഇടവേളയിൽ സ്ക്രീനിൻറെ ഉണ്മയിൽ
തിരച്ചിലവസാനിക്കുമ്പോൾ അടുത്ത വർണക്കാഴ്ച്ചകളിലേക്ക്
രംഗം ഉണരുന്നു....

Saturday, February 13, 2010

വാക്ക് വരച്ച വര

“കാഫര്‍!”
ഉള്ളുതിങ്ങിയിറങ്ങിവന്ന വാക്കറിഞ്ഞില്ല
അകത്തു മുറിഞ്ഞ ഞരമ്പുകളൊന്നിനേയും.
എരിച്ചുകൊണ്ടിറങ്ങിയ തുള്ളികളൊന്നും
നേര്‍പ്പിച്ചില്ല ഒരിറ്റുനോവുപോലും.
ചഷകമേ നിന്നില്‍ തുളുമ്പുന്ന മധു
എപ്രകാരം നിറച്ചുവോ നിന്നുള്ളിനെ
ഒരുതവണ പോലും നിറഞ്ഞില്ലകമതുപോല്‍.
ഇരുട്ടുകൊണ്ട് മെനഞ്ഞ കുടത്തില്‍കോരിയ
വെളിച്ചംപോല്‍ അറിവ് ഒഴിഞ്ഞുതീര്‍ന്നു.
ഏതു പാത്രത്തില്‍ കോരിയളന്നിട്ടും
അളവുകള്‍ പാത്രത്തിന്റെ മാത്രമാക്കുന്ന മായയോ സത്യം?.
ആരറിയുന്നു കണ്ണീരിനെ കണ്ണറിയുന്നപോല്‍
കഴുകിയൊഴുകുന്ന ഉള്‍ക്കാഴ്ച്ചയുടെ പുഴയെ
അളവുകളുടെ അനുപാതത്തെയാകെ കീഴ്മേല്‍ മറിച്ച്
തുളുമ്പുന്ന ഒരു പുതിയകാഴ്ച്ച!
അകത്തുനിരത്തിയ പാത്രങ്ങളില്‍ കൊള്ളാത്ത ഒന്ന്.
പാറപോലുറച്ച സത്യത്തിന്റെ പുസ്തകമേ...
കളിമണ്ണ്പോലെ കുഴഞ്ഞ ജീവിതമേ...
എത്രവടിവുകളില്‍ വാര്‍ത്ത വാക്കാണുനീ.
എത്രവെന്താലുമുറക്കാത്ത അകവുമായി
ഉള്ളെരിഞ്ഞുമരിക്കുന്നവനുചുറ്റും നട്ടംതിരിയുന്ന ലോകത്തിനെ
താങ്ങിനിര്‍ത്താന്‍ കൂര്‍ത്തൊരച്ചുതണ്ട്?.
പറഞ്ഞുകഴിഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും
ഇനിപറയാനിരിക്കുന്നതുമായ
പരമസത്യത്തിന്റെ വാക്ക്!!
നനവായ്പടര്‍ന്ന നോവിന്റെ നേരിനെ
ഒരുതുള്ളിപോലുമറിയാതെ വരണ്ട വാക്ക്.

Tuesday, December 1, 2009

റേഡിയോയില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒട്ടകം

വാക്കുകള്‍ കൊണ്ടു ശ്വസിക്കുന്ന പെട്ടകമേ
നിന്‍റെ ഭാഷ അമ്മകൈവിട്ട പൈതലിന്‍റെതാണ്.
വെയിലിനെ നട്ടുവളര്‍ത്തുന്ന നാട്ടില്‍
മഴയെ കുറിച്ചു പാടുന്നുവോ നീ.
നിന്‍റെ പാട്ടുകേട്ട് പീലിവിടര്‍ത്താന്‍
മണ്ണുമാന്തി മയിലുകള്‍ക്ക് ഇടയില്ല.
കടല്‍ പിഴിഞ്ഞ് കുടിക്കുന്ന നാട്ടിലിരുന്ന്
പുഴയുടെ കഥപറഞ്ഞ് കരയുന്നുവോ.
നിനക്കുവേണ്ടിചുരത്താന്‍ ഇവിടെ
കണ്ണിറുത്തുമാറ്റിയ മുലകള്‍ മാത്രം.
റബ്ബര്‍ മുലക്കണ്ണുനുണഞ്ഞുറങ്ങും
പൈതങ്ങള്‍ തികട്ടുന്നത് ചത്തുമലച്ച സ്വപ്നങ്ങളും.
വിഭക്തികൊണ്ട് തര്‍ക്കിക്കുന്ന ചതുരംഗമേ
നിന്‍റെ കളങ്ങള്‍ വരച്ചിരിക്കുന്നത് മറ്റൊരു കാലത്തിലാണ്.
ഉടവാളിന്‍ തുമ്പിലെ രാജ്യവിശാലതയില്‍നിന്നുകൊണ്ട് നീ
ആധിപത്ത്യങ്ങളിലെ ന്യായാന്യായങ്ങളെ വിസ്ത്തരിക്കുന്നുവോ.
കുരുക്കിന്റെ അളവിലുള്ള കഴുത്തിനെ മാത്രം
കഴുവേറ്റുന്ന മണ്ണില്‍ നീതിയുടെ തൈ നടുന്നുവോ.
അക്ഷരം കൊണ്ട് ചിത്രം വരക്കുന്ന നാവേ
നിന്‍റെ ചിത്രങ്ങള്‍ വെളളത്തില്‍ വരച്ച വരകളാണ്.
കല്പനകള്‍ മണല്‍ക്കാറ്റുപോലെ
തൊണ്ടയില്‍ കുറുകുന്ന കാലങ്ങളില്‍
സത്ത്യത്തെ നനവായി സ്വപ്നം കാണുന്നുവോ.
പൈത്യകത്തെ കുറിച്ച് നീ പാടുന്ന പാട്ട്
മണലില്‍ പതിഞ്ഞ കാലടികള്‍ മാത്രമാവുമ്പോള്‍
കാറ്റ് അതിജീവനത്തിന്‍റെ താളവുമായ് ഒപ്പമുണ്ട്.
വാക്കുകള്‍ കൊണ്ട് ശ്വസിക്കുന്ന പെട്ടകമേ
നിന്‍റെ ഭാഷ സ്വപ്നങ്ങളുടേതാണ്.
സ്വപ്നത്തില്‍ മാത്രം വെള്ളം കുടിക്കുന്ന
ഒട്ടകത്തിന് മുറിച്ചുകടക്കാന്‍ മരുഭൂമികള്‍ ബാക്കിയും.