Saturday, February 13, 2010

വാക്ക് വരച്ച വര

“കാഫര്‍!”
ഉള്ളുതിങ്ങിയിറങ്ങിവന്ന വാക്കറിഞ്ഞില്ല
അകത്തു മുറിഞ്ഞ ഞരമ്പുകളൊന്നിനേയും.
എരിച്ചുകൊണ്ടിറങ്ങിയ തുള്ളികളൊന്നും
നേര്‍പ്പിച്ചില്ല ഒരിറ്റുനോവുപോലും.
ചഷകമേ നിന്നില്‍ തുളുമ്പുന്ന മധു
എപ്രകാരം നിറച്ചുവോ നിന്നുള്ളിനെ
ഒരുതവണ പോലും നിറഞ്ഞില്ലകമതുപോല്‍.
ഇരുട്ടുകൊണ്ട് മെനഞ്ഞ കുടത്തില്‍കോരിയ
വെളിച്ചംപോല്‍ അറിവ് ഒഴിഞ്ഞുതീര്‍ന്നു.
ഏതു പാത്രത്തില്‍ കോരിയളന്നിട്ടും
അളവുകള്‍ പാത്രത്തിന്റെ മാത്രമാക്കുന്ന മായയോ സത്യം?.
ആരറിയുന്നു കണ്ണീരിനെ കണ്ണറിയുന്നപോല്‍
കഴുകിയൊഴുകുന്ന ഉള്‍ക്കാഴ്ച്ചയുടെ പുഴയെ
അളവുകളുടെ അനുപാതത്തെയാകെ കീഴ്മേല്‍ മറിച്ച്
തുളുമ്പുന്ന ഒരു പുതിയകാഴ്ച്ച!
അകത്തുനിരത്തിയ പാത്രങ്ങളില്‍ കൊള്ളാത്ത ഒന്ന്.
പാറപോലുറച്ച സത്യത്തിന്റെ പുസ്തകമേ...
കളിമണ്ണ്പോലെ കുഴഞ്ഞ ജീവിതമേ...
എത്രവടിവുകളില്‍ വാര്‍ത്ത വാക്കാണുനീ.
എത്രവെന്താലുമുറക്കാത്ത അകവുമായി
ഉള്ളെരിഞ്ഞുമരിക്കുന്നവനുചുറ്റും നട്ടംതിരിയുന്ന ലോകത്തിനെ
താങ്ങിനിര്‍ത്താന്‍ കൂര്‍ത്തൊരച്ചുതണ്ട്?.
പറഞ്ഞുകഴിഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും
ഇനിപറയാനിരിക്കുന്നതുമായ
പരമസത്യത്തിന്റെ വാക്ക്!!
നനവായ്പടര്‍ന്ന നോവിന്റെ നേരിനെ
ഒരുതുള്ളിപോലുമറിയാതെ വരണ്ട വാക്ക്.