Tuesday, December 1, 2009

റേഡിയോയില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒട്ടകം

വാക്കുകള്‍ കൊണ്ടു ശ്വസിക്കുന്ന പെട്ടകമേ
നിന്‍റെ ഭാഷ അമ്മകൈവിട്ട പൈതലിന്‍റെതാണ്.
വെയിലിനെ നട്ടുവളര്‍ത്തുന്ന നാട്ടില്‍
മഴയെ കുറിച്ചു പാടുന്നുവോ നീ.
നിന്‍റെ പാട്ടുകേട്ട് പീലിവിടര്‍ത്താന്‍
മണ്ണുമാന്തി മയിലുകള്‍ക്ക് ഇടയില്ല.
കടല്‍ പിഴിഞ്ഞ് കുടിക്കുന്ന നാട്ടിലിരുന്ന്
പുഴയുടെ കഥപറഞ്ഞ് കരയുന്നുവോ.
നിനക്കുവേണ്ടിചുരത്താന്‍ ഇവിടെ
കണ്ണിറുത്തുമാറ്റിയ മുലകള്‍ മാത്രം.
റബ്ബര്‍ മുലക്കണ്ണുനുണഞ്ഞുറങ്ങും
പൈതങ്ങള്‍ തികട്ടുന്നത് ചത്തുമലച്ച സ്വപ്നങ്ങളും.
വിഭക്തികൊണ്ട് തര്‍ക്കിക്കുന്ന ചതുരംഗമേ
നിന്‍റെ കളങ്ങള്‍ വരച്ചിരിക്കുന്നത് മറ്റൊരു കാലത്തിലാണ്.
ഉടവാളിന്‍ തുമ്പിലെ രാജ്യവിശാലതയില്‍നിന്നുകൊണ്ട് നീ
ആധിപത്ത്യങ്ങളിലെ ന്യായാന്യായങ്ങളെ വിസ്ത്തരിക്കുന്നുവോ.
കുരുക്കിന്റെ അളവിലുള്ള കഴുത്തിനെ മാത്രം
കഴുവേറ്റുന്ന മണ്ണില്‍ നീതിയുടെ തൈ നടുന്നുവോ.
അക്ഷരം കൊണ്ട് ചിത്രം വരക്കുന്ന നാവേ
നിന്‍റെ ചിത്രങ്ങള്‍ വെളളത്തില്‍ വരച്ച വരകളാണ്.
കല്പനകള്‍ മണല്‍ക്കാറ്റുപോലെ
തൊണ്ടയില്‍ കുറുകുന്ന കാലങ്ങളില്‍
സത്ത്യത്തെ നനവായി സ്വപ്നം കാണുന്നുവോ.
പൈത്യകത്തെ കുറിച്ച് നീ പാടുന്ന പാട്ട്
മണലില്‍ പതിഞ്ഞ കാലടികള്‍ മാത്രമാവുമ്പോള്‍
കാറ്റ് അതിജീവനത്തിന്‍റെ താളവുമായ് ഒപ്പമുണ്ട്.
വാക്കുകള്‍ കൊണ്ട് ശ്വസിക്കുന്ന പെട്ടകമേ
നിന്‍റെ ഭാഷ സ്വപ്നങ്ങളുടേതാണ്.
സ്വപ്നത്തില്‍ മാത്രം വെള്ളം കുടിക്കുന്ന
ഒട്ടകത്തിന് മുറിച്ചുകടക്കാന്‍ മരുഭൂമികള്‍ ബാക്കിയും.